കൊവിഡ് വ്യാപനം: മഹാരാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കും

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങള്‍ തികയാതെ വരുന്ന സാഹചര്യവും ചര്‍ച്ചയായി.

നിലവില്‍ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷന്‍ കിടക്കകളുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി  ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് വ്യാപനം തടയാന്‍ ഇന്ന് മുതല്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരികയാണ്.

Top