സമരം ചെയ്ത് കോവിഡ് വന്ന് മരിക്കാന്‍ ആരും നില്‍ക്കരുതെന്ന് മന്ത്രി ഇ.പി. ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അന്വേഷണമില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. വകതിരിവില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരും ഇറങ്ങേണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്ത് കോവിഡ് വന്ന് മരിക്കാന്‍ ആരും നില്‍ക്കരുതെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടങ്ങളിലും പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി തവണ ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എം.കെ. മുനീര്‍ എംഎല്‍എ സമരത്തിന്റെ ഉദ്ഘടാനം നിര്‍വഹിച്ചതിനു പിന്നാലെയാണ് ഗ്രനേഡ് പ്രയോഗമുണ്ടായത്. പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നും മുനീര്‍ ആരോപിച്ചു.

Top