കൊവിഡ്; വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി ദുബായ് ടൂറിസം വകുപ്പ്

ദുബായ്: കൊവിഡ് സാഹചര്യത്തില്‍ എമിറേറ്റ്സില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി. ദുബായ് ടൂറിസ് വകുപ്പിന്റേതാണ് നടപടി. താല്‍ക്കാലികമായിട്ടാണ് റദ്ദാക്കിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. ഇക്കാര്യം ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി ട്വീറ്റും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം.

ആരോഗ്യ വകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കൊവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബായ് അധികൃതര്‍ 20 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയിരുന്നു. അതേസമയം യുഎയില്‍ കൊവിഡ് ബാധിതരായ നാല് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതുവരെ രാജ്യത്ത് 766 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3529 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

3901 പേര്‍ രോഗമുക്തി നേടി. യുഎഇയില്‍ ഇന്ന് ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 24 ദശലക്ഷം കടന്നു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം കൊവിഡ് പ്രതിരോധ വാക്സിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ദുബായ് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാധാരണ ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചു.

Top