കൊവിഡ് അതിരൂക്ഷം; പുതിയ നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ യാത്രാ നിയന്ത്രണങ്ങളുമായി ദുബായ്. ദുബായിലെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ പ്രോട്ടോക്കോള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ ദുബായ് ദുരന്തനിരാവരണ ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായില്‍ നിന്നും നാട്ടിലേക്ക് പോകുന്നവര്‍ക്കും കൊവിഡ് പരിധോധന നിര്‍ബന്ധമാക്കും.

ഇനി യുഎഇ നിവാസികള്‍, ജിസിസി പൗരന്മാര്‍, സന്ദര്‍ശക വിസയില്‍ വരുന്നവര്‍ എന്നിവര്‍ ദുബായിലേക്ക് വരുന്നതിനു മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്. യുഎഇ പൗരന്മാര്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപന രീതിയുടെ തോത് അനുസരിച്ച് ചില രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ദുബായിലെത്തുന്നവര്‍ അധിക പരിധോധനകള്‍ക്കു കൂടി വിധേയരാവേണ്ടി വരും.

ദുബായില്‍ നിന്നും വിദേശത്തേക്ക് പോകുന്നവരും പിസിആറോ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‌ക്കോ വിധേയരാവണം. കൂടാതെ കൊവിഡ് പരിധോധനാ ഫലങ്ങളുടെ സാധുത 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറായും സമിതി കുറച്ചിട്ടുണ്ട്. ദുബായിലെത്തി അവിടെനിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും ഇത് ബാധകമാണ്. ദുബായിലെത്തുന്ന സന്ദര്‍ശകരും താമസക്കാരും അല്‍ ഹോസ്ന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ഓണ്‍-അറൈവല്‍ കൊവിഡ്-19 ടെസ്റ്റിന്റെ കാര്യം അപ്‌ഡേറ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ക്വാറന്റൈനില്‍ കഴിയുകയും വേണം.

രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധനാഫലം പോസിറ്റീവ് ആയാല്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവഡ്-19 ബാധിച്ചയാള്‍ക്കും അതേ വീട്ടില്‍ താമസിക്കന്ന കുടുംബാംഗങ്ങള്‍ക്കുമുള്ള ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.

 

 

 

Top