ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കോവിഡും; ലെബനനില്‍ ജനജീവിതം ദുരിതത്തില്‍

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നാലെ ലെബനനില്‍ കോവിഡും വ്യാപകമാകുന്നതോടെ ജനങ്ങള്‍ ദുരിതത്തില്‍. ബെയ്റൂട്ട് തുറമുഖത്തെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 3000 ടണ്‍ അമോണിയം നൈട്രേറ്റിനു തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 180 പേര്‍ മരിക്കുകയും ആറായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രമുഖ ആശുപത്രികളില്‍ പലതും സ്‌ഫോടനത്തില്‍ തകര്‍ന്നു. പകുതിയോളം ആശുപത്രികള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ജീവനക്കാരില്‍ പലരും ബെയ്‌റൂട്ട് വിട്ടതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം പകുതിയും നിലച്ച മട്ടിലായത് ദുരിതം വര്‍ധിപ്പിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെയ്‌റൂട്ട് തുറമുഖത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. കൂട്ട പലായനവും തെരുവുകളിലെ പ്രതിഷേധ സമരങ്ങളും കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഞായറാഴ്ച മാത്രം ലെബനനില്‍ 439 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ മരിച്ചു.

50 ലക്ഷം ജനസംഖ്യയുള്ള ലെബനനില്‍ 8881 പേര്‍ കോവിഡ് ബാധിതരാണ്. 103 ആണ് ആകെ മരണസംഖ്യ. കര്‍ശനമായി നടപ്പാക്കിയ ലോക്ഡൗണും രാത്രിയിലെ സഞ്ചാര നിയന്ത്രണവും കോവിഡ് മരണങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജൂലൈ ആദ്യം നിയന്ത്രണങ്ങള്‍ നീക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു.

ബെയ്‌റൂട്ടിലെ സ്‌ഫോടനം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും ചെയ്തു. ലെബനനില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തു വീണ്ടും കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആവശ്യം.

Top