കൊവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും.  കേന്ദ്ര ആരോഗ്യസെക്രട്ടറി, ശിശു ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, എന്‍സിഡിസി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉച്ചയോടെ തിരുവനന്തപുരത്തെത്തുക. തുടര്‍ന്ന് കോവളത്ത് സ്വകാര്യ ഹോട്ടലില്‍ മുഖ്യമന്ത്രി, സംസ്ഥാന ആരോഗ്യമന്ത്രി എന്നിവരുമായി സംഘം ചര്‍ച്ച നടത്തും. ടിപിആര്‍ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയേക്കും. തുടര്‍ന്ന് കൊവിഡ് അവലോകന യോഗം ചേരും.

കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദര്‍ശിച്ച കേന്ദ്രസംഘം കൊവിഡ് വാക്‌സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കിയേക്കും. അടുത്തിടെ കേരളം സന്ദര്‍ശിച്ച എന്‍സിഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക. വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

 

Top