കൊവിഡ് വ്യാപനം; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലെത്തും. വരും ദിവസങ്ങളില്‍ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.

രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. അടുത്തിടെ ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവുകളാണ് രോഗവ്യാപനത്തിന് വഴിവച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് രോഗികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കര്‍ശനമായി ഉറപ്പാക്കണം. കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജൂലൈ ആദ്യവാരം കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതിവാര കേസുകളും മരണ നിരക്കും കര്‍ശനമായി നിരീക്ഷിക്കണമെന്നും കത്തില്‍ ആരോഗ്യസെക്രട്ടറി പറഞ്ഞു.

Top