കൊവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്നിന് സംഘം തിരുവനന്തപുരം കലക്ടറുമായും ജില്ലയിലെ ഉദ്യോഗസ്ഥരുമായും കോവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും.

ആറംഗ സംഘം രണ്ടായി തിരിഞ്ഞാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. തെക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘം കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

ഒന്‍പത് ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കേന്ദ്രസംഘം തലസ്ഥാനത്തെത്തുന്നത്. ടിപിആര്‍ 13നു മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.

എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധ സംഘം ഇവിടെയെത്തിയത്. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു.

Top