കൊവിഡ് വ്യാപനം; കൂടുതല്‍ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തര്‍

ദോഹ: കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്തര്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. അതേസമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ റിസ്‌ക് വിഭാഗത്തില്‍ തന്നെ തുടരുകയാണ്. വിവിധ ലോക രാജ്യങ്ങളിലെ നിലവിലുള്ള കോവിഡ് വ്യാപന സ്ഥിതി പരിശോധിച്ചാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

അപകട സാധ്യത കൂടിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക 14 രാജ്യങ്ങളെയും കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. നിലവില്‍ 167 രാജ്യങ്ങളാണ് ഖത്തറിന്റെ റെഡ് ലിസ്റ്റിലുള്ളത്. എന്നാല്‍ ഇന്ത്യ പാക്കിസ്ഥാന്‍ നേപ്പാള്‍ ഉള്‍പ്പെടെയുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ റിസ്‌ക് വിഭാഗത്തില് തന്നെ തുടരുകയാണ്. ഇത്രയും രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ വിദേശത്ത് നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ പത്ത് ദിവസത്തെ ക്വാറന്റൈനും ഖത്തറില്‍ വെച്ച് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ രണ്ട് ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്.

അതേസമയം അപകട സാധ്യത തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും പത്ത് രാജ്യങ്ങളെ ഒഴിവാക്കി. നിലവില്‍ പതിനൊന്ന് രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. താരതമ്യേന അപകടസാധ്യത കുറഞ്ഞ യെല്ലോ ലിസ്റ്റ് പട്ടികയില്‍ നിന്നും ആറ് രാജ്യങ്ങളെയും ഒഴിവാക്കി. അയല്‍ രാജ്യങ്ങളായ സൗദി യു.എ.ഇ, ഒമാന്‍ ,കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയവയെല്ലാം യെല്ലോ ലിസ്റ്റിലുണ്ട്.

Top