കൊവിഡ് വ്യാപനം; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്. സര്‍ക്കാറിന്റെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ ആകില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

നിലവിലെ കോവിഡ് വ്യാപനത്തിനു കാരണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ്. കോവിഡ് ക്ലസ്റ്ററുകള്‍ ആയി മാറിക്കൊണ്ടിരിക്കുന്ന കോളേജുകളില്‍ പോലും പരീക്ഷയും ക്ലാസുകളും നടത്തുകയാണ്. എല്ലാത്തിനും പുറമെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനും അനുമതി നല്‍കി. പരീക്ഷകളും ക്ലാസുകളും നിര്‍ത്തി വെയ്ക്കണമെന്നും ജി സുകുമാരന്‍ നായര്‍ ചൂണ്ടികാട്ടി.

കോവിഡും ഒമിക്രോണും ഭീതി പരത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മരണനിരക്കും ടിപിആറും ഉയരാന്‍ കാരണം സര്‍ക്കാരിന്റെ നിരുത്തരവാദപരമായ അനാസ്ഥയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്തെ കോളേജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പരീക്ഷകളും ക്ലാസുകളും നടത്തുന്നു. കൂടാതെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനും സര്‍ക്കാര്‍ അനുമതി നല്‍കി. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണെന്നിരിക്കെ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജി സുകുമാരന്‍ നായര്‍ പത്രക്കുറുപ്പില്‍ ആരോപിച്ചു.

പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ച് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറാകണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. കോവിഡ് സാഹചര്യത്തിലെ പരീക്ഷ നടത്തിപ്പിനെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.

Top