കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ആശുപത്രികളില്‍ ചികിത്സാ പ്രതിസന്ധി, കിടക്കകള്‍ നിറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കിടക്കകള്‍ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്.

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതിയില്‍ അധികം കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. വിരലിലെണ്ണാവുന്ന കിടക്കകള്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി ബാക്കിയുള്ളത്. ആരോഗ്യപ്രവര്‍ത്തകരിലും രോഗം വ്യാപിക്കുന്നതും കടുത്ത തിരിച്ചടിയാവുകയാണ്.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നും ഓണ്‍ലൈനായി പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

വ്യാഴാഴ്ച മുതല്‍ ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മൂന്നു കാറ്റഗറികളെ വേര്‍തിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാണ് പുതിയ രീതി നടപ്പാക്കിയിത്.

എ കാറ്റഗറിയില്‍ വിവാഹങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും അമ്പത് പേര്‍ക്കും ബി കാറ്റഗറിയില്‍ 20പേര്‍ക്കും പങ്കെടുക്കാം. ഇവിടെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും സിനിമാ തീയേറ്ററുകളിലും സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ സിനിമാ തീയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്.

ഇന്നത്തെ യോഗത്തില്‍ കൂടുതല്‍ ജില്ലകളെ ബി, സി കാറ്റഗറിയിലേയ്ക്ക് ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അടുത്ത ഞായറാഴ്ചയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനം. ഇന്നത്തെ രോഗവ്യാപനത്തിന്റെ അവസ്ഥ കൂടി കണക്കിലെടുത്താവും തീരുമാനങ്ങള്‍ എടുക്കുക. ആശുപത്രികളിലെ കിടക്കകളുടെയും ഓക്‌സിജന്റെയും നിലവിലെ ലഭ്യതയും ഇന്ന് പരിശോധിക്കും. അമ്ബത് ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top