ചൈനയില്‍ വീണ്ടും കൊവിഡ് ആഞ്ഞടിക്കുന്നു, ആഭ്യന്തര വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്യുന്നു

ബീജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് ആഞ്ഞടിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

രാജ്യത്ത് ഇന്ന് 5,280 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണും, വ്യാപക പരിശോധനയും അടങ്ങിയ സീറോ കൊവിഡ് പ്രതിരോധം പാളുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്. ഏറെ നാളുകള്‍ ഫാക്ടറിയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷമാവുന്നുണ്ട്.

ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് ചൈനയുടെ വാദം. കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നതോടെ മൂന്ന് കോടിയിലധികം ആളുകളാണ് ചൈനയില്‍ ലോക്ക്ഡൗണില്‍ കഴിയുന്നത്. പ്രവിശ്യകള്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പതിമൂന്നോളം നഗരങ്ങള്‍ പൂര്‍ണ്ണമായും പൂട്ടിയിരിക്കുകയാണ്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണും തുടരുന്നു.

വടക്കുകിഴക്കന്‍ പ്രവിശ്യകളിലാണ് കൊവിഡ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്പത് ദശലക്ഷം ആളുകള്‍ താമസിക്കുന്ന പ്രവിശ്യാ തലസ്ഥാനമായ ചാംഗ്ചുണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ താമസക്കാര്‍ നിയന്ത്രണങ്ങളിലാണ് കഴിയുന്നത്. ടെക് ഹബ്ബായ ഷെന്‍ഷെനിലും ഫാക്ടറികള്‍ ഉള്‍പ്പടെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റാവായവരെ വീടുകളില്‍ തുടരാന്‍ അധികാരികള്‍ അനുവദിക്കുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയില്‍ ദീര്‍ഘനാളത്തെ അടച്ചിടല്‍ സാമ്പത്തിക വളര്‍ച്ചയില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബീജിംഗിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഡസന്‍ കണക്കിന് ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Top