കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പത്തനംതിട്ട ജില്ലയിലെ കടപ്രയില്‍ ജില്ലാ ഭരണകൂടം ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കടുപ്പിക്കുന്നതോടെ പ്രദേശത്തെ മുഴുവന്‍ ചെറു വഴികളും പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് അടയ്ക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പ്രദേശത്തെ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ്.

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പുതിയ വകഭേദം വളരെ അപകടകാരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി നെഗറ്റീവാണ്. കുട്ടിയുടെ സ്രവം ന്യൂഡല്‍ഹി സിഎസ്‌ഐആര്‍ ഐജിഐബിയില്‍ പരിശോധനക്കയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്.

Top