കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്; പരിശോധനകളുടെ എണ്ണംകൂട്ടും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. രോഗലക്ഷണമുള്ളവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തും. കേരളത്തിലേക്കെത്തുന്ന തൊഴിലാളികള്‍ക്ക് കോവിഡ് ടെസ്റ്റ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്. മൂന്ന് മാസത്തിനുള്ളിലാണ് 20 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. എല്ലാ സര്‍ക്കാര്‍ ലാബുകളിലും കൂടി പ്രതിദിനം 3000 പരിശോധനകള്‍ നടത്താന്‍ സാധിക്കും. അത്യാവശ്യഘട്ടങ്ങളില്‍ അത് 5000 ആയി ഉയര്‍ത്താനും ആവും.

പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ കോവിഡ് പരിശോധന നടത്തുന്ന കാര്യവും ആലോചിക്കും. കോവിഡ് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് ലാബുകളില്‍ ആരോഗ്യവകുപ്പ് എന്‍എച്ച്എം മുഖാന്തിരം 180 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. 8379ലധികം തസ്തികകളാണ് കോവിഡ് കാലയളവില്‍ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Top