കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍; ശുചീകരണത്തൊഴിലാളികളെ ആദരിച്ച് പോലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണത്തൊഴിലാളികളെ ആദരിക്കുന്നതിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചു. ബേക്കേഴ്‌സ് അസോസിയേഷന്‍, നന്മ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. സാദരം എന്ന പേരിലാണ് വിവിധ ജില്ലകളില്‍ ഇന്ന് പരിപാടി നടന്നത്.

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ ആശുപത്രിയിലെ 10 ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഭക്ഷണപ്പൊതികളും പലവ്യഞ്ജനകിറ്റുകളും മധുരപലഹാരവും വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. പേരൂര്‍ക്കട ഗവണ്‍മെന്റ് മാതൃകാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഐരാണിമുട്ടം ഗവണ്‍മെന്റ് ആശുപത്രിയിലും ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍, കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രതിഭാ ഹരി എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മറ്റ് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ നോഡല്‍ ഓഫീസര്‍മാരും കുട്ടികളും ആശുപത്രി അധികൃതരും പങ്കെടുത്തു.

Top