സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു. കൊവിഡ്, ഒമിക്രോണ്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം മരണസംഖ്യയും ഉയരുകയാണ്. ഈ മാസം മാത്രം 608 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിക്കുകയും കൊവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും വേണമെന്നും കൊവിഡ് മരണങ്ങള്‍ കണക്കിലെടുത്ത് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള കൊവിഡ് രോഗികള്‍ ചികിത്സ തേടാന്‍ വൈകുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗികളും മരണവും ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി ചികിത്സാസൗകര്യം വര്‍ദ്ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ പല ആശുപത്രികളും കൊവിഡ് വാര്‍ഡുകള്‍ തുറക്കാന്‍ തയ്യാറല്ല.

കൊവിഡിന് പുറമേ കൊവിഡിന്റെ വകഭേദങ്ങള്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാക്കുന്നു. രോഗികളുടെ നിരക്ക് ഉയരുന്നതിനോടൊപ്പം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നത് രോഗത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 70 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രാജ്യത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയില്‍ ഒന്നാണ് കേരളത്തിലേതെന്നത് കൂടുതല്‍ ആശങ്കയുയര്‍ത്തുന്നു.

ഓക്‌സിജന്‍ സഹായം വേണ്ടിവരുന്നവരുടെ എണ്ണവും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 91 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. കൊവിഡ് ബാധിച്ച് ഐ സി യുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 57 ശതമാനവും വെന്റിലേറ്റര്‍ ആവശ്യമായി വരുന്നവരുടെ എണ്ണം 23 ശതമാനവും വര്‍ദ്ധിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് കൊവിഡ് കൂടുതല്‍ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധയേറ്റ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ ചികിത്സ തേടാന്‍ വൈകിയതും മരണനിരക്ക് ഉയരാന്‍ കാരണമായെന്ന് കണ്ടെത്തിയിരുന്നു.

Top