വെന്റിലേറ്റർ നിഷേധിച്ചതിനെ തുടർന്ന് കോവിഡ് രോഗി മരിച്ച സംഭവം; ഡിഎംഒ വിശദീകരണം തേടി

മലപ്പുറം : മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടു. മാറാക്കര യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11 നാണ് പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന്  മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അറിയിച്ച്‌ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കിയതിനാല്‍ തിരികെ വീണ്ടും കോട്ടയ്ക്കലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തി ഒരു മണിക്കൂറിനകം പാത്തുമ്മ മരിക്കുകയായിരുന്നു.

നിലവിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 31 വെന്റിലേറ്ററുകളുണ്ട്. ആരാണ് വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് രോ​ഗിയെ തിരിച്ചയച്ചത് എന്നറിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ടിനോടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടത്.

Top