സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) ആണ് മരിച്ചത്. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപതിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 800 പേര്‍ രോഗമുക്തി നേടി. നിലവില്‍ 11,983 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 18,337 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top