കൊച്ചിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച മട്ടേഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം സംസ്‌കരിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദിലാണ് സംസ്‌കാരം നടന്നത്.

പള്ളിയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം കളമശ്ശേരി കോവിഡ് ചികിത്സാകേന്ദ്രത്തില്‍നിന്ന് കൊണ്ടുപോയത്. ആചാരം അനുസരിച്ച് സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുകളെ അനുവദിച്ചെങ്കിലും മൃതദേഹത്തില്‍ തൊടാനോ അടുത്ത് പെരുമാറാനോ അനുവാദം ഉണ്ടായിരുന്നില്ല. വൈകുന്നേരം 4.10ഓടെ സംസ്‌കാരം പൂര്‍ത്തിയായി. പത്തടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്.

തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നോട്ടം നിര്‍വഹിച്ചു. ഇവര്‍ പള്ളിയ്ക്ക് പുറത്താണ് നിന്നിരുന്നത്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളംപേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

Top