സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശിനി

വയനാട്: സംസ്ഥനത്ത് ഒരു കോവിഡ് മരണം കൂടി. വയനാട് സ്വദേശി ആമിന (53)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.

വിദേശത്തുനിന്നെത്തിയ ഇവര്‍ അര്‍ബുദ രോഗിയായിരുന്നു. ദുബൈയില്‍നിന്ന്​ കൊച്ചി വിമാനത്താവളം വഴിയാണ്​ ഇവര്‍ കേരളത്തിലെത്തിയത്​.

സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കിടെയാണ് ആമിനയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.

ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി.

Top