കൊവിഡ് പ്രതിസന്ധി; കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ്, റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം കുവൈറ്റിലെ വിദേശി ജനസംഖ്യയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുവൈറ്റ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി പറയുന്നത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020ല്‍ കുവൈറ്റ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 2.2 ശതമാനം കണ്ട് മൊത്തം ജനസംഖ്യയില്‍ കുറവുണ്ടായി.

ഈ വര്‍ഷം ആദ്യ പകുതിയോടെ രാജ്യത്തിലെ ജനസംഖ്യ വീണ്ടും 0.9 ശതമാനം കുറഞ്ഞ് 46 ലക്ഷമായി. ഇതോടെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ജനസംഖ്യയില്‍ 3.1 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കി.

ഇത്രവലിയ കുറവ് ജനസംഖ്യയില്‍ ഉണ്ടാവാനുള്ള കാരണം പ്രവാസികളുടെ തിരിച്ചുപോക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വിദേശികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ സ്വദേശികളുടെ എണ്ണത്തില്‍ 0.9 ശതമാനം വര്‍ധനവുണ്ടായി.

രാജ്യത്തെ മൊത്തം ജനസംഖ്യയെ അപേക്ഷിച്ച് പ്രവാസികള്‍ 68.2 ശതമാനം ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രവാസി ജനസംഖ്യയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top