കോവിഡ് പ്രതിസന്ധി; എറണാകുളത്ത് പ്രതിരോധം ശക്തമാക്കി

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രതിരോധം ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചും ചികിത്സാ സൗകര്യമൊരുക്കിയുമാണ് പ്രതിരോധ പ്രവര്‍ത്തം. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കൊവിഡ് പ്രതിരോധ സംവിധാനങ്ങളൊരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ ആയിരം പിന്നിടുന്ന സാഹചര്യം ഉണ്ടായതോടെയാണ് ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ദിവസം 7500 സാമ്പിള്‍ പരിശോധനയെന്ന ടാര്‍ഗറ്റ് ആണ് നിശ്ചയിച്ചിട്ടുള്ളത്. ദിനംപ്രതി ചികിത്സക്കെത്തുന്നതില്‍ രോഗലക്ഷണമുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ – സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗലക്ഷണമുള്ളവര്‍ക്ക് സൗജന്യ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 196 ഐസിയു ബെഡ്ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

നിലവില്‍ ജില്ലയിലാകെ 7 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും, 4 സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും, 6 ഡൊമിസിലറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നിടങ്ങളിലുമായി 1281 ബെഡ്ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.

Top