കൊവിഡ് പ്രതിസന്ധി; ബൈക്ക് വില്‍പനയ്ക്ക് വെച്ച് ബോളിവുഡ് നടൻ

രാജ്യത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ സുലഭമായി ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിരവധി രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ ആഡംബര ബൈക്ക് വിറ്റ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നടന്‍ ഹര്‍ഷ്വര്‍ധന്‍ റാണെ.

ബൈക്ക് വിറ്റ് ലഭിക്കുന്ന പണം ഓക്സിജന്‍ വാങ്ങാനായി കൊവിഡ് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. വില്‍പ്പനയ്ക്ക് വെച്ച ബൈക്കിന്റെ ചിത്രങ്ങളും ഹര്‍ഷവര്‍ധന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘കുറച്ച് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് പകരമായി എന്റെ മോട്ടോര്‍സൈക്കിള്‍ നല്‍കുകയാണ്. ആവശ്യക്കാരെ സഹായിച്ച് നമുക്ക് ഒന്നിച്ച് കൊവിഡിനെ നേരിടാം. ഹൈദരാബാദിലെ മികച്ച ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റേര്‍സ് കണ്ടെത്താന്‍ സഹായിക്കൂ…’ അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഹര്‍ഷ്വര്‍ധന് പുറമെ നിരവധി താരങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനും മറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാരുകളെ ഇതിനോടകം പണം നല്‍കി സഹായിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഷ്വര്‍ധന്‍ റാണെ ബോളിവുഡില്‍ എത്തുന്നത്.

പ്രേമ ഇഷ്ഖ് കാതല്‍ ആന്റ് അനാമിക, തകീത തകീത തുടങ്ങിയ സിനിമകളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. പല്‍താന്‍, തായ്ഷ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹര്‍ഷവര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്.

 

Top