തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിയ്ക്ക് കോവിഡ് ; 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും

തിരുവനന്തപുരം: തിരുവനന്തപുരം സപെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. അബ്കാരി കേസില്‍ ഇന്നലെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും. സംസ്ഥാനത്ത് ഇതാദ്യമായാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Top