ബംഗളൂരു: ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച സുമലത തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണു നിര്‍ദേശം. അതിനാല്‍ ഞാന്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണ്. ‘ സുമലത ട്വിറ്ററില്‍ കുറിച്ചു. ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്‌സ്‌പോട്ടുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി.
അവിടെ നിന്നാകാം സുമലതയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാംഗമാണ് സുമലത. ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധ ശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു.