രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക. ഇദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കയിലാണ് മറ്റുള്ളവര്‍. വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കോവിഡ് പരിശോധനാഫലം പുറത്തുവന്നത്.

ഇദ്ദേഹം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടിയോഗത്തിലും പങ്കെടുത്തിരുന്നു. പല എം.എല്‍.എമാരും ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. അതേസമയം കോവിഡ് ബാധിച്ച എം.എല്‍.എയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. മധ്യപ്രദേശില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് ഇദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. ഇദ്ദേഹം പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ടുരേഖപ്പെടുത്താനായി എത്തിയത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 14,000ത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പരിശോധന വര്‍ധിപ്പിച്ചതാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.

Top