രണ്ടാം തരംഗം; അസമില്‍ 34000ത്തിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ഗുവാഹത്തി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അസമിലെ 18 വയസ്സില്‍ താഴെയുള്ള 34,066 കുട്ടികളില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. ലക്ഷ്മണന്‍ എസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളില്‍ 12 ശതമാനമാണ് ഈ കണക്ക്.

അഞ്ച് വയസ്സിന് താഴെയുള്ള 5755 കുട്ടികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അവശേഷിക്കുന്ന 28,851 പേര്‍ ആറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്. 34066 കുട്ടികളില്‍ 34 പേര്‍ക്ക് മറ്റ് അസുഖങ്ങളുള്ളവരാണെന്നും പ്രമുഖ മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

ഹൃദയസംബന്ധിയായ അസുഖങ്ങള്‍, വൃക്കരോഗം, അപൂര്‍വ്വ വൈകല്യങ്ങള്‍ എന്നീ രോഗങ്ങളുള്ളവരാണ് ഇവരില്‍ കൂടുതല്‍. കാമരൂപ് മെട്രോയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 5346 കുട്ടികളില്‍ ഇവിടെ രോഗബാധ കണ്ടെത്തി. ജില്ലയിലെ ആകെ രോഗബാധിതരുടെ 10.04 ശതമാനം വരുമിത്. ദിബ്രുഗഡ് ജില്ലയില്‍ 2430, നാഗോണ്‍ ജില്ലയില്‍ 2288, സോണിത്പൂര്‍ ജില്ലയില്‍ 1839, എന്നിങ്ങനെയാണ് കുട്ടികളിലെ കൊറോണ വൈറസ് ബാധ. മറ്റ് ജില്ലകളിലും കുട്ടികളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പോസിറ്റീവ് സ്ഥിരീകരിച്ച മാതാപിതാക്കള്‍ക്കൊപ്പമോ വീട്ടിലെ മറ്റംഗങ്ങള്‍ക്കൊപ്പമോ താമസിക്കുന്ന നിരവധി കുട്ടികള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുന്നതായി എന്‍എച്ച്എം ഡയറക്ടര്‍ വ്യക്തമാക്കി. അതിനാല്‍ കൊവിഡ് ബാധിച്ച മുതിര്‍ന്നവര്‍ ഹോം ക്വാറന്റൈന് പകരം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top