തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വൃദ്ധ സദനത്തിലെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമൂഹവ്യാപനം രൂക്ഷമായ പുല്ലുവിള മേഖലയിലാണ് വൃദ്ധ സദനം സ്ഥിതിചെയ്യുന്നത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 27 അന്തേവാസികളും പ്രായം ചെന്നവരാണെന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

സമൂഹ വ്യാപനം നടന്ന മേഖലകളില്‍ ടെസ്റ്റിങ് വ്യാപകമാക്കിയിട്ടുണ്ട് സര്‍ക്കാര്‍. ഈ മേഖലയില്‍ കിടപ്പു രോഗികളെയും ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ ഗുരുതര രോഗമുള്ളവരെ മാത്രമേ പുല്ലുവിളയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയിട്ടുള്ളൂ. പ്രദേശത്ത് വെച്ച് തന്നെ വൈദ്യ സഹായമെത്തിക്കാനുള്ള നടപടികളാണ് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈക്കൊണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച 35 പേരെയും ഇവിടെതന്നെ ചികിത്സിക്കാനാണ് സാധ്യത

അതേസമയം, ജില്ലയില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റൂറല്‍ പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തില്‍ പോയി.

അതേസമയം ശ്രീചിത്രയില്‍ വീണ്ടും ഒരു ഡോക്ടര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

Top