കോവിഡ്; മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗായ്കവാദ് അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

‘നിലവിലെ സാഹചര്യങ്ങള്‍ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങള്‍ക്ക് പ്രധാനം.’ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ടെക് കമ്പനി മേധാവികള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുളള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.

ഈ കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാര്‍ഥികളുടെ ഭാവി എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനുളള ബദല്‍ മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ നീട്ടിവെക്കുക എന്നുളളതാണ് പ്രായോഗികമായ പരിഹാരം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തിച്ചേരുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കും അവര്‍ നന്ദി അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേംബ്രിഡ്ജ് ബോര്‍ഡ് എന്നിവര്‍ക്ക് കത്തെഴുതുമെന്നും പരീക്ഷകള്‍ മാറ്റിവെക്കാന്‍ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

 

Top