കൊവിഡ്: നിർദേശങ്ങളുമായി ചെന്നിത്തല: ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്‌മെന്റ്‌ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിർദ്ദേശങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുവയ്ക്കുന്നത്. രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു:

‘കോവിഡ് രോഗികൾ വല്ലാതെ കൂടുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷൻ പ്രോട്ടോക്കോൾ ഉണ്ടാക്കണം. ഇപ്പോൾ സാമ്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകൾ ചെറിയ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ മുൻകരുതലെന്ന നിലയ്ക്ക് ആശുപത്രികളിൽ അഡ്മിറ്റായി കിടക്കകൾ കയ്യടക്കുകയാണ്. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാൻ കഴിയാതെ വരുന്നു. അതിനാൽ റഫറൽ സംവിധാനത്തിലൂടെ അഡ്മിഷൻ നൽകണം.’

‘ഐ.സി.യു കളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുൻകൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ ഐ.സി.യുകളും വെന്റിലേറ്റർ സൗകര്യമുള്ള ഐ.സിയുകളും സർക്കാർ ഏറ്റെടുത്ത് ഒരു ‘കോമൺ പൂൾ’ ഉണ്ടാക്കണം.’

‘സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് ചികിത്സയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലനം നൽകണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂർത്തിയാക്കാം.’

‘ആശുപത്രികൾക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകൾ, ഡെന്റെർ ക്ലിനിക്കുകൾ, ഒ.പി.ഡികൾ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിന് സജ്ജമാക്കണം.ജീവൻ രക്ഷാ മരുന്നുകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പാക്കണം.’

‘ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആർക്കും ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെടതുത്. ബി.പി.എൽ. കുടുംബങ്ങൾക്കും സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കണം’

‘ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാന തല ലോക്ഡൗൺ ആവശ്യമില്ല. പകരം രോഗം പടർന്നു പിടിക്കുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മൈക്രോ കൺടെയ്‌മെന്റ്‌ സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്.’

‘എസ്.എം.എസ്.കർശനമാക്കുക, തദ്ദേശസ്ഥാപനങ്ങളെ ശക്തരാക്കുക, വ്യാപകമായ ബോധവത്ക്കരണം, ഏകോപനം, തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൈക്കൊള്ളാനും പറയുന്നു.’

തുടങ്ങിയ നിർദ്ദേശങ്ങൾ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിനായി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

 

Top