കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ്: യുഎഇ ഇന്ത്യന്‍ എംബസികള്‍

ദുബായ്: കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് ഗള്‍ഫ് നാടുകളിലെ വിവിധ ഇന്ത്യന്‍ എംബസികള്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയായിരുന്നു ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഒമാനും യു.എ.ഇ.യും ഇത് ആവര്‍ത്തിച്ചു. കോവിഡ് പരിശോധനനടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് രണ്ടുദിവസം മുമ്പ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ചെയ്യുന്ന സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചിരുന്നു. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എംബസികള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഇരുപത് മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകം. കേരളത്തിന്റെ ഉത്തരവ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമാകുമെന്ന ആശങ്ക സൃഷ്ടിക്കുകയാണ്. അവസാന നിമിഷമാണ് വിമാനയാത്രയുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്.

ചുരുങ്ങിയ സമയംകൊണ്ട് കോവിഡ് പരിശോധന നടത്താന്‍ സാഹചര്യമില്ല എന്നതാണ് ഗള്‍ഫ് നാടുകളിലെ അവസ്ഥ. ഇതോടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനിരുന്നവരും സംഘാടകരുമെല്ലാം ആശയക്കുഴപ്പത്തിലാണ്.

Top