കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര ഉന്നതതല സംഘം എത്തും

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ രൂക്ഷമായ ഇടങ്ങളിലേയ്ക്ക് ഉന്നതതല സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേരളമുടക്കമുള്ള 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് സംഘം എത്തുക. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക. കേന്ദ്ര സംഘങ്ങള്‍ സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കേസുകളുടെ വര്‍ദ്ധനവിനുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. വ്യാപനം തടയാന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിക്കുകയും ചെയ്യും.

കേസുകള്‍ കൂടുതലുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനങ്ങള്‍ നടത്താനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദര്‍ശിക്കുന്നതിനുള്ള സമയം അനുവദിച്ച് നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദിനംപ്രതിയുള്ള കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിന്റെ അനുപാതം കുറവാണെന്നും കേസുകള്‍ വര്‍ദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടി ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണം. പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതില്‍ ജാഗ്രത കാണിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top