തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും കൊവിഡ് ബാധിതര്‍ കൂടുന്നത് ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദിനംപ്രതി രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത് ഇത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തെയുള്ളതില്‍ നിന്ന് വ്യത്യസ്തമായി നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്.

ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത കൂടുതല്‍ വേണമെന്നതാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കണം ഈ പോരാട്ടത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 201 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 39 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് 27 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Top