ചൈനയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; നിരീക്ഷണം ശക്തമാക്കി

ചൈനയില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്ന് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി പുറത്തുനിന്ന് ആളുകള്‍ എത്തുന്ന തുറമുഖം പോലെയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഒക്ടോബര്‍ 17 മുതല്‍ 29 വരെയുള്ള ദിവസങ്ങള്‍ക്കിടെ പ്രാദേശികമായി 377 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ (NHC) കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ന്റെ തുടക്കത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തെ ചൈന പിടിച്ചുകെട്ടിയിരുന്നു. ഇതിന് ശേഷവും ഈ വര്‍ഷം നിരവധി തവണ കോവിഡ് വ്യാപനം വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മറ്റ് രാജ്യങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയിലെ കോവിഡ് വ്യാപനം അത്രകണ്ട് മാരകമല്ല. മറ്റ് രാജ്യങ്ങള്‍ കോവിഡിനൊപ്പം മുന്നോട്ടുപോകുക എന്ന മാര്‍ഗം സ്വീകരിച്ചപ്പോള്‍ പൂര്‍ണമായി വൈറസിനെ പിടിച്ചുകെട്ടാനാണ് ചൈന ലക്ഷ്യമിടുന്നത്. കഴിഞ്ഞ 14 ദിവസത്തിനിടെ 14 പ്രവിശ്യകളില്‍ പുതിയ കോവിഡ് കേസുകളോ രോഗലക്ഷണമില്ലാത്ത രോഗവാഹകരോ ഉണ്ടായിട്ടുണ്ടെന്ന് NHC വക്താവായ മി ഫെങ് ചൂണ്ടിക്കാട്ടി.

ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള ചെറിയ നഗരമായ ഹെയ്ഹെയില്‍ ഒക്ടോബര്‍ 29ന് 26 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 28ന് ഇത് വെറും 9 കേസുകള്‍ മാത്രമായിരുന്നു. ഒക്ടോബര്‍ 27ന് ഹെയ്ഹെയില്‍ വെറും ഒരാള്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഡിസംബര്‍ അവസാനത്തോടെ 3നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ചൈനയുടെ ശ്രമം. 140 കോടി വരുന്ന ജനസംഖ്യയുടെ 75.8% ആളുകള്‍ക്കും ഇതിനോടകം പൂര്‍ണമായി വാക്സിന്‍ നല്‍കി കഴിഞ്ഞു.

 

Top