ഉറവിടം അറിയാത്ത കേസുകള്‍; എറണാകുളത്ത് സ്ഥിതി സങ്കീര്‍ണം, ആശങ്ക !

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കേസുകളില്‍ ഉറവിടമറിയാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ആലുവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗവ്യാപനം. ആലുവയില്‍ മാധ്യമപ്രവര്‍ത്തകന് ഉള്‍പ്പെടെ രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൂര്‍ണിക്കര സ്വദേശികളായ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനിടെയായതും ആശങ്ക ഉയര്‍ത്തുന്നു.

നേരത്തേ എറണാകുളം മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറക്കാന്‍ സാധിച്ചിരുന്നു. ആലുവയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ അഞ്ചു പ്രദേശങ്ങളെകൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. മുളവുകാട്, കീഴ്മാട്, ആലങ്ങാട്, ചൂര്‍ണിക്കര, ചെല്ലാനം എന്നീ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകള്‍ വീതമാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

അതേസമയം,എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം ഇന്ന് അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

എറണാകുളത്ത് ഇന്നലെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരും രോഗബാധിതരായത് സമ്പര്‍ക്കം വഴിയാണ്. വരും ദിവസങ്ങളില്‍ വിപുലമായ ആന്റിജന്‍ പരിശോധന നടത്താന്‍ 15000 കിറ്റുകള്‍ ജില്ലാ താലൂക്ക് ആശുപത്രികളില്‍ എത്തിച്ചു. കണ്ടെയിന്മെന്റ് സോണുകളില്‍ 167 പേര്‍ക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 213 ആയി.

Top