കൊവിഡ് കേസുകൾ കൂടുന്നു; ആശങ്കയിൽ ന്യൂസീലന്‍ഡ്

വെല്ലിംഗ്ടണ്‍: പൂര്‍ണമായും കൊവിഡ് മുക്തമായ ന്യൂസീലന്‍ഡില്‍ വീണ്ടും വൈറസ് ബാധ ഉയരുന്നു. ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത്. ഓക്ക്ലന്‍ഡിലെ ഒരു ക്ലസ്റ്ററില്‍ നിന്ന് മാത്രം 21 ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

6 മാസക്കാലമായി ഒരു കൊവിഡ് കേസ് പോലും ന്യൂസീലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്.

മുന്‍പ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെല്‍റ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുന്‍പ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോള്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഡെല്‍റ്റ കാര്യങ്ങളെല്ലാം തകിടംമറിച്ചു. ഞങ്ങളുടെ തയ്യാറെടുപ്പുകളൊക്കെ പോരാതായിരിക്കുന്നു. ഭാവി പദ്ധതികളെപ്പറ്റി കൂടുതല്‍ നല്ല രീതിയില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

 

Top