സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.കോവിഡ് കേസുകളിലെ വര്‍ധന പ്രതീക്ഷിച്ചിരുന്നതാണ്. ക്വാറന്റീന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.

വരും ദിവസങ്ങളില്‍ പുറത്തുനിന്ന് വരുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പോസിറ്റീവ് കേസുകളുണ്ടാകും. വരുന്നയാളുകളെ കൃത്യമായി ക്വാറന്റീനില്‍ കഴിയാന്‍ അനുവദിക്കുകയും അവര്‍ കൃത്യമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവരില്‍നിന്ന് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഹോം ക്വാറന്റീനാണ് സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണ്. പ്ലാന്‍ എ , പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

മരണ നിരക്ക് കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. അത് അല്‍പം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Top