എട്ടു ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകള്‍ ; 24 മണിക്കൂറിനിടെ 519 മരണം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് രോഗം ബാധിച്ചു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു. 2,83,407 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 5,15,386 പേര്‍ രോഗമുക്തരായി. കൊറോണ വൈറസ് ബാധമൂലം 22,123 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,13,07,002 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ 7,862 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,38,461 ആയി. 24 മണിക്കൂറിനിടെ 226 പേര്‍ മരിച്ചു ഇതോടെ മരണ സംഖ്യ 9,893 ആയി ഉയര്‍ന്നു.

Top