കോവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ 9,304 രോഗികള്‍, മരണം ആറായിരം പിന്നിട്ടു

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. 24 മണിക്കൂറിനിടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 6,075 പേര്‍ക്കാണ്. ഇതില്‍ 260 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതാണ്.

വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ ഇതിനകം സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

25,872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്നാട്ടില്‍ 208 മരണവും 18,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,122 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ 606 പേരും മധ്യപ്രദേശില്‍ 371 പേരും രാജസ്ഥാനില്‍ 209 പേരുമാണ് ഇതിനകം മരണപ്പെട്ടത്.

Top