ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വ്യാപനത്തിന്റെ മൂന്നാം ഘട്ടമല്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റ ദിവസം കോവിഡ് കേസുകള്‍ അയ്യായിരം കടന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ചതായി പറയാനാകില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. കഴിഞ്ഞ ദിവസം 5673 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരാഴ്ചയോളം കാത്തിരുന്ന് രോഗ വ്യാപന തോത് നിരീക്ഷിക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ മൂന്നാം ഘട്ട വ്യാപനം ആരംഭിച്ചതായി ഉറപ്പു പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് മൂന്നാം ഘട്ട വ്യാപനം ആരംഭിച്ചുവെന്ന് പറയുന്നത് വളരെ നേരത്തെയാകും. പക്ഷേ അതൊരു സാധ്യത ആയിരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തലസ്ഥാനത്ത് ഇതുവരെ 3.7 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,396 പേരാണ് ഇവിടെ മരിച്ചത്.

Top