കുതിച്ച് ഉയര്‍ന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 22,752 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: കുതിച്ച് ഉയര്‍ന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 22,752 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി ഉയര്‍ന്നു. ഇതില്‍ 2,64,944 എണ്ണം സജീവ കേസുകളാണ്. 4,56,831 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

482 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 20,642 പേര്‍ക്കാണ്.

അതേസമയം, ഇതുവരെ 1,04,73,771 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കി. ഇന്നലെ മാത്രം 2,62,679 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു.നിലവില്‍ 2,17,121 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.1,18,558 പേര്‍ രോഗമുക്തി നേടി. 9,250 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,18,594 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 71,116 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,636 പേര്‍ മരണപ്പെടുകയും ചെയ്തു. 45,842 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

ഡല്‍ഹിയില്‍1 ,02,831 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ 3,165 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 25,449 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 74,217 പേര്‍ രോഗമുക്തി നേടി.

Top