സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ്; 7 പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ 8 പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കും മലപ്പുറം,എറണാകുളം ജില്ലകളില്‍ 5 പേര്‍ക്കും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ നാല് പേര്‍ക്കും കാസര്‍ഗോഡ് ,ആലപ്പുഴ ജില്ലകളില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കുംഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു.7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.

ഇന്ന് പത്ത് പേര്‍ രോഗമുക്തരായി. മലപ്പുറം മൂന്ന് പേരും പാലക്കാട്, കാസര്‍കോട് രണ്ട് പേര്‍ വീതവും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവടങ്ങളില്‍ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. ആകെ 1,04,334 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top