സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 39 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കാസര്‍കോട് 12 പേര്‍ക്കും കണ്ണൂര്‍ 6 പേര്‍ക്കും വയനാട് 2 പേര്‍ക്കും കോഴിക്കോട് 10 പേര്‍ക്കും മലപ്പുറത്ത് 8 പേര്‍ക്കും പാലക്കാട് 7 പേര്‍ക്കും തൃശ്ശൂര്‍ 4 പേര്‍ക്കും എറണാകുളത്ത് 2 പേര്‍ക്കും കോട്ടയത്ത് 5 പേര്‍ക്കും പത്തനംതിട്ടില്‍ 14 പേര്‍ക്കും ആലപ്പുഴയില്‍ 8 പേര്‍ക്കും, കൊല്ലത്ത് 11പേര്‍ക്കും തിരുവനന്തപുരത്ത് 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്ര (23) തമിഴ്‌നാട് (8) ഡല്‍ഹി (3) ഗുജറാത്ത് (2) രാജസ്ഥാന്‍ (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പുമാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 39പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 13 പേരുടേയും മലപ്പുറത്ത് 8 പേരുടേയും കണ്ണൂര്‍ 7 പേരുടേയും കോഴിക്കോട് 5 പേരുടേയും തൃശ്ശൂര്‍,വയനാട് ജില്ലകളില്‍ 2 പേരുടേയും വീതവും തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തരുടേയും പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 884 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

3787 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. 1,70,065 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,68,578 പേരും 1487 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 72,139 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18,146 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവാണ്. ആകെ 124 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top