രാജ്യത്ത് കോവിഡ് മരണം 507 ആയി; ആകെ രോഗബാധിതര്‍ 15,712, ആശങ്ക !

ന്യൂഡല്‍ഹി: കോവിഡ് 19 ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. ശനിയാഴ്ച മാത്രം രാജ്യത്ത് 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,712 ആയി ഉയര്‍ന്നു.

അതേസമയം, രാജ്യത്ത് 16365 കോവിഡ് ബാധിതരുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്ക്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട രോഗബാധിതരുടെ എണ്ണത്തേക്കാള്‍ 600ഓളം കൂടുതലാണിത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രിയില്‍ ശനിയാഴ്ച രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 324 പുതിയ രോഗികളാണ് ശനിയാഴ്ച മാത്രം മഹാരാഷ്ട്രയിലുണ്ടായത്.ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,648 ആയി ഉയര്‍ന്നു. ഇതില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 184 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം ധാരാവിയില്‍ 16 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 117 ആയി ഉയര്‍ന്നു. 10 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. 1893 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 42 പേരാണ് ഇവിടെ മരണപ്പെട്ടത്.

മധ്യപ്രദേശില്‍ 1407 പേര്‍ക്കും , ഗുജറാത്തില്‍ 1376 പേര്‍ക്കും, തമിഴ്നാട്ടില്‍ 1372 പേര്‍ക്കും , രാജസ്ഥാനില്‍ 1351 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 969 പേര്‍ക്കും തെലങ്കാനയില്‍ 809 പേര്‍ക്കും, ആന്ധ്രപ്രദേശില്‍ 603 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Top