കോവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനിടെ 6,977 പുതിയ കേസുകള്‍,ആകെ മരണം 4,021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,977 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 4021 പേര്‍ക്കാണ്. 154 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.

കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതം വരുത്തിയ പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നിരിക്കുകയാണ്. അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്.

തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 16,227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top