24 മണിക്കൂറിനിടെ 2003 കോവിഡ് മരണങ്ങള്‍, ആകെ മരണം 11,903 ആയി, ആശങ്ക !

ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന് രാജ്യത്തെ കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2003 കോവിഡ് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഇത്രയും കോവിഡ് മരണങ്ങള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹി, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്താതിരുന്ന നിരവധി മരണങ്ങള്‍ കണക്കില്‍ ചേര്‍ത്തതാണ് മരണസംഖ്യ ഇത്ര കണ്ട് കൂടാന്‍ കാരണമായെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

അതേസമയം 10974 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,54,065 ആയി ഉയര്‍ന്നു. ഇതില്‍ 1,55,227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,86,935 പേര്‍ ഇതിനോടകം രോഗമുക്തി നേടുകയും ചെയ്തു.

പുതുതായി രേഖപ്പെടുത്തിയ മരണങ്ങളടക്കം മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ 5537 ആയി.44688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1837 പേരാണ് മരണപ്പെട്ടത്. 24577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1533 മരണവും 48019 രോഗികളുള്ള തമിഴ്നാട്ടില്‍ 528 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Top