കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ 8,171 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,171 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,98706 ആയി ഉയര്‍ന്നു. ഇതില്‍ 97,581 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95,526 പേര്‍ രോഗവിമുക്തരാകുകയും ചെയ്തു.

ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം 5598 പേരാണ് മരണമടഞ്ഞത്. ഇതില്‍ 204 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,361 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.76 പേര്‍ മരണമടയുകയും ചെയ്തു. ആകെ 70,013 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 41,009 പേരും മുംബൈയിലാണ്.

അതേസമയം കേരളത്തില്‍ നിന്നുള്ള 14 ഡോക്ടര്‍മാരുടെ സംഘം മുംബൈയിലെത്തിയിട്ടുണ്ട്. ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. സജേഷ് ഗോപാലന്‍ എന്നിവര്‍ക്കൊപ്പം അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വീണ്ടും തിരുത്തി 1162 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ 23495 രോഗികളാണ് ഇവിടെയുള്ളത്. 11 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 184 ആയി ഉയരുകയും ചെയ്തു.

Top