ഭീതി ഉയര്‍ത്തി കോവിഡ്; 24 മണിക്കൂറിനിടെ 7,964 പുതിയ കേസുകള്‍; മരണം 4,971 ആയി

ന്യൂഡല്‍ഹി: ഭീതി ഉയര്‍ത്തി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 7,964 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,73,763 ആയി ഉയര്‍ന്നു. ലോകത്ത് കോവിഡ് സാരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

24 മണിക്കൂറിനിടെ 265 പേരുടെ ജീവനാണ് പൊലിഞ്ഞത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്.ഇതോടെ കോവിഡ് രാജ്യത്തെ കോവിഡ് മരണനിരക്ക് 5000 ലോട്ട് അടുത്തു. 4971 പേരാണ് ഇതിനകം മരണപ്പെട്ടത്.അതേ സമയം ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 62,228 ആയി. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ വലിയൊരു കണക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. രാജ്യത്തെ പകുതിയോടടുത്ത് കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 116 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ മരണം 2,098 ആയി ഉയര്‍ന്നു.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും.

Top