ഭീതി പടര്‍ത്തി കോവിഡ് പടരുന്നു; 24 മണിക്കൂറില്‍ 7,466 പുതിയ കേസുകള്‍ !

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി പടര്‍ത്തി കോവിഡ് ബാധിതര്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത് 7,466 പുതിയ കോവിഡ് കേസുകളാണ്.ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു.

24 മണിക്കൂറില്‍ 175 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 4,706 ആയി ഉയരുകയും ചെയ്തു. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍, ലോകത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടന്നിരിക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതല്‍ മരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണസംഖ്യയില്‍ ചൈനയെയും ഇന്ത്യ മറികടക്കുന്നു എന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. രാജ്യത്ത് ഇതുവരെ 4,706 പേരാണ് മരണത്തിന് കീഴടങ്ങിയെങ്കില്‍, ചൈനയില്‍ ഇതുവരെ 4,638 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,65,386 കോവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്. ചൈന പുറത്തുവിട്ട എണ്ണത്തേക്കാള്‍ ഇരട്ടി വരുമിത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 59546 പേര്‍ക്കാണ് ഇതുവരെ രോഗംസ്ഥിരീകരിച്ചത്. 1982 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. മരണനിരക്കില്‍ രണ്ടാമത് ഗുജറാത്താണ്. 960 മരണമാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15562 പേര്‍ക്ക് അവിടെ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ 19372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 145 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ഡിസംബറിലാണ് ചൈനയില്‍ ആദ്യത്തെ നോവല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊലയാളി കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാന്‍ പ്രവിശ്യയായിരുന്നു. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്ന ഈ കൊലയാളി വൈറസ് 59 ലക്ഷം പേരെയാണ് ഇതുവരെ ബാധിച്ചത്.
മൂന്നരലക്ഷത്തോളം പേരുടെ ജീവന്‍ കവരുകയും ചെയ്തു.

യുഎസ്, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

Top