ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 6,566 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളില്‍ എത്തുന്നത്.

ഇതുവരെ ഇന്ത്യയില്‍ 4,531 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്.

നിലവില്‍ 86,110 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അതേസമയം 67,691 പേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കുന്നുണ്ട്.

ഇന്ത്യയിലെ കോവിഡ് കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 56,948 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. 1,897 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ പൊലിഞ്ഞത്. തമിഴ്‌നാടില്‍ 17728 പേര്‍ക്കും ഗുജറാത്തില്‍ 14821 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗം ബാധിക്കുന്നതില്‍ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

Top